റാംങ്കിംഗില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ കുതിപ്പിന് കാരണം. 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ താരമായ അബാസ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാം റാംങ്കിലെത്തിയതാണ് പ്രധാന സവിശേഷത. 

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമിര്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 32-ാം സ്ഥാനത്തും നാല് വിക്കറ്റ് നേടിയ ഹസന്‍ അലി 26 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 61-മതുമെത്തി. അതേസമയം ബാറ്റ്സ്മാന്‍മാരില്‍ അസാദ് ഷഫീഖ് ആറ് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 26ഉം ബാബര്‍ അസം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 86-ലുമെത്തി. എന്നാല്‍ ബാറ്റ്സ്മാന്‍മാരില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

ഏഴാമതുള്ള പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും, ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്സണും, ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡറുമാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. ഇന്ത്യന്‍ താരങ്ങളായ ജഡേജ നാലാമതും അശ്വിന്‍ അഞ്ചാമതുമുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഷാക്കിബ് അല്‍ ഹസന്‍, ജഡേജ, ഫിലാന്‍ഡര്‍, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍.