ഓസ്‌ട്രേലിയക്കെതിരെ ഋഷഭ് പന്തിനെ ഓപ്പണറായി പരിഗണിക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പില്‍ മറ്റൊരു താരത്തെയാണ് ഓപ്പണറായി ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ യുവ താരം ഋഷഭ് പന്തിനെ ഇന്ത്യ ഓപ്പണറായോ മൂന്നാം ഓപ്പണറായോ പരിഗണിക്കണമെന്ന് മുന്‍ നായകന്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പില്‍ പന്തിനെ തള്ളി മറ്റൊരു താരത്തിന്‍റെ പേരാണ് ഗവാസ്‌കര്‍ ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ ടീമില്‍ സ്ഥാനമില്ലാത്ത താരത്തെയാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ മൂന്നാം ഓപ്പണറായി ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. 

'ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന 13 താരങ്ങളുടെ പേര് ഇപ്പോള്‍ തനിക്കുറപ്പാണ്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണവര്‍'. വിജയ് ശങ്കറെയാണ് 14-ാം താരമായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. ദിനേശ് കാര്‍ത്തിക് നേരത്തെ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളതിനാല്‍ ഏകദിനത്തിലും അതിന് കഴിയുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

'എന്തുകൊണ്ട് ഋഷഭ് പന്തിന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തുകൂടാ. മൂന്നാം ഓപ്പണറായും പന്തിനെ പരിഗണിക്കാം. മുന്‍നിരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ മധ്യനിരയില്‍ കളിപ്പിക്കാനാകും'. ഓസ്‌‌ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിക്കും മുന്‍പ് ഗവാസ്‌കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ദിനേശ് കാര്‍ത്തികിന് ഇടംപിടിക്കാനായിട്ടില്ല. പകരം റിഷഭ് പന്തിനെയാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.