തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20ക്ക് വേദിയാവുന്ന തിരുവനന്തപുരത്ത് ഇപ്പോഴും മഴ തുടരുകയാണ്. എങ്കിലും അല്‍പം വൈകിയാലും മത്സരം നടത്താനാകുമെന്നുതന്നെയാണ് സംഘാടകരുടെയും ആരാധകരുടെയും പ്രതീക്ഷ. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ ലഭിക്കുമോ എന്നാണ് ആരാധകമനസില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഒരു രാജ്യാന്തര മത്സരം നടത്താനായി ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണമെന്നതിനാല്‍ എങ്ങനെയും മത്സരം നടത്താനായിരിക്കും സംഘാടകര്‍ ശ്രമിക്കുക. ഓവറുകള്‍ വെട്ടിക്കുറച്ചിട്ടാണെങ്കിലും കാത്ത് കാത്തിരുന്ന് ലഭിച്ച രാജ്യാന്തര മത്സരം നടക്കണമേ എന്ന് ആരാധകരും പ്രാര്‍ഥിക്കുന്നുണ്ടാകും. എന്നാല്‍ മഴമൂലം മത്സരം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിച്ചാല്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ ലഭിക്കും.
മത്സരത്തിനിടയില്‍ മഴ പെയ്ത് മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ പൈസ തിരികെ ലഭിക്കില്ല. മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചാല്‍ മാത്രമെ തിരികെ ലഭിക്കുകയുള്ളു. കനത്ത മഴയുണ്ടെങ്കില്‍ മാത്രമെ 50 ഓവര്‍ മത്സരത്തെ അപേക്ഷിച്ച് ട്വന്റി-20 മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവാറുള്ളു. കുറഞ്ഞത് ഇരു ടീമുകള്‍ക്കും ആറോവറെങ്കിലും കളിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ വൈകിയാണെങ്കിലും മത്സരം നടത്തും.
തിരുവനന്തപുരത്ത് ഏഴു മണിക്കാണ് മത്സരം തുടങ്ങേണ്ടത്. ഏഴു മണിക്ക് തുടങ്ങിയില്ലെങ്കിലും എട്ടു മണിക്കും ഒമ്പതു മണിക്കും ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താനാവും. ഇതിനും കഴിയാതെ വന്നാല്‍ മാത്രമെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയുള്ളു.
