സമീപകാലത്ത് അദ്ദേഹം ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ നടത്തിയ പ്രകടനങ്ങളും ബൗളര്‍മാരെയും യുവതാരങ്ങളെയും നയിക്കുന്ന രീതിയുമെല്ലാം കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്, ഏത് ഘട്ടത്തിലും കോലിക്ക് ആശ്രയിക്കാവുന്ന ഒരേയൊരാള്‍ ധോണിയാണ്. 

ദില്ലി: മെയ് അവസാം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തണമെങ്കില്‍ എം എസ് ധോണിയുടെ പങ്ക് നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ താരമായ സുരേഷ് റെയ്ന. ധോണിയുടെ പരിചയ സമ്പത്തും, യുവതാരങ്ങളുമായുള്ള ആശയവിനിമയവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും റെയ്ന പറഞ്ഞു.

ധോണിയുടെ കരിയറിലും ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് അദ്ദേഹം ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ നടത്തിയ പ്രകടനങ്ങളും ബൗളര്‍മാരെയും യുവതാരങ്ങളെയും നയിക്കുന്ന രീതിയുമെല്ലാം കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്, ഏത് ഘട്ടത്തിലും കോലിക്ക് ആശ്രയിക്കാവുന്ന ഒരേയൊരാള്‍ ധോണിയാണ്.

നിരവധി ലോകകപ്പുകളില്‍ കളിച്ചതിന്റെ പരിചയസമ്പത്ത് ധോണിക്കുണ്ട്. ഒപ്പം നിരവധി ഐപിഎല്‍ ഫൈനലുകളില്‍ കളിച്ചതിന്റെയും. ഒരു കാര്യം ഉറപ്പാണ്, ലോര്‍ഡ്സിന്റെ ബാല്‍ക്കണിയില്‍ കോലി ഇത്തവണ കപ്പുയര്‍ത്തുകയാണെങ്കില്‍ അതിന് പിന്നില്‍ ധോണിയുടെ പങ്ക് വളരെ വലുതായിരിക്കും. ലോകകപ്പില്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് താന്‍ കരുതുന്നതെന്നും റെയ്ന പറഞ്ഞു.

കോലി മികച്ച നായകനും മികച്ച കളിക്കാരനുമാണ്. സമ്മര്‍ദ്ദങ്ങളെ നേരിടാനും അതിനെ അതിജീവിക്കാനുമുള്ള മികവാണ് അദ്ദേഹത്തെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളെ എപ്പോഴും അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇത്തവണ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കുള്ള അമിതപ്രതീക്ഷ വിനയാകില്ലെന്നും റെയ്ന പറഞ്ഞു.

നമ്മള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ ടീമില്‍ പ്രതീക്ഷ വെക്കുന്നതില്‍ തെറ്റൊന്നുമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ നാലിലെത്താന്‍ ഈ ടീമിനാവുമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ ഇന്ത്യ ലോകകകപ്പ് ഉയര്‍ത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും റെയ്ന പറഞ്ഞു.