സിനിമയില്‍ നടനെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള വിജയന്‍ ഇനി നിര്‍മാതാവിന്‍റെ കുപ്പായത്തിലാണ് അരങ്ങ് തകര്‍ക്കാന്‍ എത്തുന്നത്

കൊച്ചി: ഇന്ത്യന്‍ ഫുട്ബോളില്‍ ഇന്നും ഏറെ തിളക്കത്തോടെ തെളിഞ്ഞ് നില്‍ക്കുന്ന പേരാണ് ഐ.എം. വിജയന്‍റേത്. കളിക്കളത്തില്‍ കറുത്ത മുത്ത് എന്ന് പേരില്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ഫുട്ബോള്‍ പ്രതിഭ വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കളിപ്രേമികളുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല.

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിനെയും ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഈറ്റില്ലമെന്ന് വാഴ്ത്തപ്പെടുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‍ലേക്കിനെയും പുളകം കൊള്ളിച്ച ഫുട്ബോള്‍ വിസ്മയങ്ങള്‍ പ്രകടപ്പിച്ച ഐ.എം. വിജയന്‍ മലയാളികള്‍ക്കിടയിലേക്ക് പുതിയ റോളില്‍ എത്തുകയാണ്.

സിനിമയില്‍ നടനെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള വിജയന്‍ ഇനി നിര്‍മാതാവിന്‍റെ കുപ്പായത്തിലാണ് അരങ്ങ് തകര്‍ക്കാന്‍ എത്തുന്നത്.

സുഹൃത്തുകളുമായി ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മാണ കമ്പനിയെപ്പറ്റി ഫേസ്ബുക്കിലൂടെ വിജയന്‍ തന്നെയാണ് അറിയിച്ചത്. ബിഗ്ഡാഡി എന്‍റര്‍റ്റേയ്ന്‍മെന്‍റ് എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ആദ്യ സിനിമ ഫുട്ബോളുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന പ്രഖ്യാപനവും വിജയന്‍ നല്‍കിയിട്ടുണ്ട്.