പങ്കാളിത്തം അവസാനിപ്പിക്കുകകയാണെന്ന് ഐഎംജി റിലയന്‍സ് അറിയിച്ചുവെന്നും പകരം പങ്കാളിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നിര്‍മാണ പങ്കാളിത്തം ഐഎംജി-റിലയന്‍സ് ഒഴിഞ്ഞു. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഐഎംജി-റിലയന്‍സിന്റെ ഉത്തരവാദിത്തത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഐഎംജി-റിലയന്‍സ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

പങ്കാളിത്തം അവസാനിപ്പിക്കുകകയാണെന്ന് ഐഎംജി റിലയന്‍സ് അറിയിച്ചുവെന്നും പകരം പങ്കാളിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ പുതിയ പങ്കാളിയെ പ്രഖ്യാപിക്കാനാവുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വാസിം ഖാന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യേണ്ടെന്ന തീരുമാനവും പാക് താരങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനവും തീര്‍ത്തും നിരാശാജനകമാണെന്നും വാസിം ഖാന്‍ പറഞ്ഞു.

സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാത്തത് ഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വാസിം ഖാന്‍ പറഞ്ഞു.