അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. 

നാലാമനായെത്തിയ നായകന്‍ വിരാട് കോലിക്കും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായില്ല. നിലയുറപ്പിക്കും മുന്‍പ് മൂന്ന് റണ്‍സില്‍ നില്‍ക്കേ കോലിയെ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഖവാജയുടെ പറക്കും ക്യാച്ചിലാണ് കമ്മിണ്‍സ് ഇന്ത്യന്‍ നായകനെ വീഴ്‌ത്തിയത്. 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 25 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. പൂജാരയും(7) രഹാനെയുമാണ്(2) ക്രീസില്‍.  

ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ഏഴ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരും നാല് ബൗളര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.  

ഇന്ത്യന്‍ ടീം ഇലവന്‍
കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി