സിഡ്‌നി: പരുക്കിന്‍റെ പിടിയിലുള്ള സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ സിഡ്‌നിയില്‍ മൂന്നാം തിയതി ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കാനുള്ള എല്ലാം തയ്യാറെടുപ്പുകളും നടത്തുകയാണ് താരം‍. സിഡ്‌നിയില്‍ ടീം ഫിസിയോ പാട്രിക്കിനൊപ്പം ഇന്‍ഡോര്‍ പരിശീലനം നടത്തി അശ്വിന്‍. 

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അശ്വിന്‍റ അഭാവത്തില്‍ രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ സ്‌പിന്നറായി കളിപ്പിച്ചത്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനും ജഡേജക്കായി. അതിനാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ അശ്വിനെ ടീമിലേക്ക് പരിഗണിക്കൂ. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റും 30 റണ്‍സും നേടിയ അശ്വിന് പെര്‍ത്ത്, മെല്‍ബണ്‍ ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയമെന്ന ചരിത്രനേട്ടമാണ് കോലിപ്പട ലക്ഷ്യമിടുന്നത്. പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ. പരമ്പരാഗതമായി സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്‌നിയിലേത് എന്നതും അശ്വിന്‍റെ പരിശീലനത്തിന് പിന്നിലുണ്ട്.