സിഡ്‌നി: ഓസ്‌‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ സെ‌ഞ്ചുറി നേടിയതോടെ ഉപഭൂഖണ്ഡത്തിന് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. വെല്ലിങ്ടണില്‍ 2017ല്‍ 159 റണ്‍സ് നേടിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫീഖര്‍ റഹീമിന്‍റെ റെക്കോര്‍ഡാണ് പന്ത് പിന്നിലാക്കിയത്.

സിഡ്‌നിയില്‍ റിഷഭ് പന്തും 159 റണ്‍സ് ആണ് നേടിയതെങ്കിലും പുറത്താകാതെയായിരുന്നു ഇന്നിംഗ്‌സ്. 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി. ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം 204 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും പന്തിനായി. ഹാമിള്‍ട്ടണില്‍ 2003ല്‍ 137 റണ്‍സ് നേടിയ മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൊയിന്‍ ഖാനാണ് മൂന്നാം സ്ഥാനത്ത്.