ഇന്ത്യയുടെ മാനം കാത്ത് രണ്ടാം വന്‍ മതില്‍; പൂജാരയ്ക്ക് അര്‍ദ്ധ സെഞ്ചുറി

First Published 6, Dec 2018, 11:11 AM IST
ind vs ausis 2018 1st test pujara completes half century
Highlights

ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യയുടെ ബാറ്റിംഗിനിടയിലും അര്‍ദ്ധ സെഞ്ചുറി പിന്നിട്ട് ചേതേശ്വര്‍ പൂജാര. മൂന്നാമനായി ഇറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച പൂജാര...

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യയുടെ ബാറ്റിംഗിനിടയിലും അര്‍ദ്ധ സെഞ്ചുറി പിന്നിട്ട് ചേതേശ്വര്‍ പൂജാര. മൂന്നാമനായി ഇറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച പൂജാര 153 പന്തില്‍ നിന്നാണ് ടെസ്റ്റിലെ 20-ാം അര്‍ദ്ധ സെഞ്ചുറി തികച്ചത്. പുറത്താകാതെ 170 പന്തില്‍ 60 റണ്‍സെടുത്ത പൂജാരയ്ക്കൊപ്പം 10 റണ്‍സുമായി അശ്വിനാണ് ക്രീസില്‍. 64 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 162 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട് കോലിയെ മൂന്ന് റണ്‍സില്‍ നില്‍ക്കേ ഖവാജയുടെ പറക്കും ക്യാച്ചില്‍ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി.

മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ രണ്ടാം സെഷനില്‍ ആക്രമിച്ച് കളിച്ചുതുടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ആവേശമാണ് വിനയായത്. 38-ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സിക്‌സിനുള്ള ഹിറ്റ്‌‌മാന്‍റെ ശ്രമം ഹാരിസിന്‍റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്. 

മിന്നും വേഗത്തില്‍ തുടങ്ങിയ റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ലിയോണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പെയ്‌നിന് ക്യാച്ച് നല്‍കി പന്ത് മടങ്ങി. 38 പന്തില്‍ പന്ത് നേടിയത് 25 റണ്‍സ്. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. 

loader