ഓസീസ് താരം ട്രവിസ് ഹെഡിന് തിരിച്ചടി. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ അച്ചടക്കലംഘനത്തിന് സൗത്ത് ഓസ്‌ട്രേലിയ നായകനായ ഹെഡിന്...

അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഓസീസ് താരം ട്രവിസ് ഹെഡിന് തിരിച്ചടി. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ അച്ചടക്കലംഘനത്തിന് സൗത്ത് ഓസ്‌ട്രേലിയ നായകനായ ഹെഡിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ടാസ്‌മാനിയ പേസര്‍ റിലിയുടെ പന്തില്‍ പുറത്തായപ്പോള്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് നടപടി. 

പതിനെട്ട് മാസത്തിന് ഇടയ്ക്ക് ഇത് രണ്ടാം തവണയാണ് ഹെഡ് അച്ചടക്കലംഘനം നടത്തുന്നത്. കഴിഞ്ഞ ബിഗ് ‌ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജിമ്മി പിയേര്‍സണെ പുറത്താക്കിയ ശേഷം വൈകാരികമായി യാത്രയാക്കിയതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ലഭിച്ചിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമാണ് ഇരുപത്തിനാലുകാരനായ താരം.