മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറംവേദന അലട്ടിയിരുന്നു. എന്നാല്‍ കോലിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് സഹതാരം ചേതേശ്വര്‍ പൂജാര നല്‍കുന്ന സൂചന. 

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറംവേദന അലട്ടിയിരുന്നു. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം ബാറ്റ് ചെയ്യവേ കോലിയെ ടീം ഫിസിയോ പാട്രിക് പരിശോധിക്കുകയും വേദനസംഹാരി നല്‍കുകയും ചെയ്തു. നിര്‍ണായകമായ ടെസ്റ്റില്‍ മൂന്ന് ദിനം അവശേഷിക്കേ കോലിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആരാധകര്‍ക്ക് ആശങ്കകളുണ്ടായിരുന്നു.

എന്നാല്‍ കോലിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് സഹതാരം ചേതേശ്വര്‍ പൂജാര നല്‍കുന്ന സൂചന. പരിക്കിന് കുറിച്ച് ആധികാരികമായി പറയാന്‍ താന്‍ ഫിസിയോ അല്ല. അതിനാല്‍ കൂടുതലൊന്നുമറിയില്ല. എന്നാല്‍ കോലിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് കരുതുന്നതെന്ന് പൂജാര മത്സരശേഷം പറഞ്ഞു. കോലിയുമായി മികച്ച കൂട്ടുകെട്ട് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സെഞ്ചുറി നേടിയ പൂജാര പറഞ്ഞു.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗാരംഭിക്കും. ആരോണ്‍ ഫിഞ്ചും(3) മാര്‍കസ് ഹാരിസു(5)മാണ് ക്രീസില്‍. ഓസീസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴിന് 443 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.