ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ക്രിക്കറ്റ് വിദഗ്ധരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെല്‍ബണ്‍ പിച്ചിന്‍റെ സ്വഭാവം എന്താകുമെന്നാണ്. ഐസിസി മോശം പിച്ച് എന്ന് നേരത്തെ റേറ്റിംഗ് നല്‍കിയ...

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ക്രിക്കറ്റ് വിദഗ്ധരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെല്‍ബണ്‍ പിച്ചിന്‍റെ സ്വഭാവം എന്താകുമെന്നാണ്. ഐസിസി മോശം പിച്ച് എന്ന് നേരത്തെ റേറ്റിംഗ് നല്‍കിയ മെല്‍ബണിന്‍റെ മോശംകാലം മാറുമോയെന്ന് ബോക്‌സിംഗ് ഡേയില്‍ അറിയാം. ക്യുറേറ്റര്‍ മാത്യു പേജ് പറയുന്നതുനസരിച്ച് മികച്ച മത്സരം മെല്‍ബണില്‍ കാണാനാകും. 

മെല്‍ബണില്‍ അടുത്തകാലത്ത് കണ്ട വിക്കറ്റ്മഴ ബോക്‌സിംഗ് ഡേയില്‍ ആവര്‍ത്തിക്കില്ലെന്ന് പേജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്തിടെ വിക്‌ടോറിയയും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തില്‍ നാല് ദിനം കൊണ്ട് 31 വിക്കറ്റുകള്‍ വീണിരുന്നു. ഇതാവര്‍ത്തിക്കില്ലെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവരികയാണെന്നും പേജ് വ്യക്തമാക്കി. വാക്ക സ്റ്റേഡിയത്തിന്‍റെ ചുമതലക്കാരനായിരുന്ന മാറ്റ് പേജിനെ മെല്‍ബണിലെ പിച്ച് ശരിയാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയോഗിക്കുകയായിരുന്നു.

കഴിഞ്ഞ വേനലില്‍ ആഷസ് പരമ്പരയിലെ നാലാം മത്സരം സമനിലയിലായതോടെയാണ് പിച്ചിന് ഐസിസി മോശം റേറ്റിംഗ് നല്‍കിയത്. കഴിഞ്ഞ സീസണില്‍ നടന്ന നാല് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളും സമനിലയിലായിരുന്നു. ഈ വര്‍ഷം നടന്ന മൂന്ന് ആഭ്യന്തര മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയിലായപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.