രവീന്ദ്ര ജഡേജയ്ക്ക് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന്‍റെ പ്രശംസ. ഇന്ത്യന്‍ സ്‌പിന്‍ ആക്രമണം നയിക്കാന്‍ ജഡേജ യോഗ്യനാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഭരത് അരുണ്‍...

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന്‍റെ പ്രശംസ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഡേജ പക്വത കൈവരിച്ചിട്ടുണ്ട്. വളരെയധികം ആത്മവിശ്വാസത്തോടെയാണ് താരം കളിക്കുന്നത്. ഇന്ത്യന്‍ സ്‌പിന്‍ ആക്രമണം നയിക്കാന്‍ ജഡേജ യോഗ്യനാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഭരത് അരുണ്‍ വ്യക്തമാക്കി. മെല്‍ബണ്‍ ടെസ്റ്റില്‍ ജഡേജ ഇതിനകം അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്രയുടെ പ്രകടനത്തെയും ബൗളിംഗ് പരിശീലകന്‍ പ്രശംസിച്ചു. ജസ്‌പ്രീത് ബൂംമ്രയുടെ ലെങ്ത് തിരിച്ചറിയാന്‍ ബാറ്റ്സ്‌മാന്‍മാര്‍ പാടുപെടുന്നു. അത് ബൂംമ്രയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ബൂംമ്രയെ നേരിട്ട ബാറ്റ്സ്‌മാന്‍മാരെല്ലാം ആ ബുദ്ധിമുട്ട് തുറന്നുസമ്മതിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ളതിനാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പുതന്നെ ബൂംമ്രയുടെ കാര്യത്തില്‍ തങ്ങള്‍ ആത്മവിശ്വാസം കൈവരിച്ചിരുന്നതായും ഭരത് അരുണ്‍ പറഞ്ഞു.