ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തലവേദനയായി താരങ്ങളുടെ പരിക്ക്. സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ച് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തലവേദനയായി താരങ്ങളുടെ പരിക്ക്. സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ച് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിനെ കളിപ്പിച്ചിരുന്നില്ല. 

മെല്‍ബണില്‍ അശ്വിന് പകരക്കാരനാകാന്‍ സാധ്യതയുള്ള സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ശാരീരികക്ഷമതയും സംശയത്തിന്‍റെ നിഴലിലാണ്. പെര്‍ത്ത് ടെസ്റ്റിന് മുന്‍പ് ജഡേജ 70 ശതമാനത്തിലധികം ശാരീരികക്ഷമത കൈവരിച്ചിരുന്നെങ്കിലും അപകടം മുന്നില്‍കണ്ടാണ് കളിപ്പിക്കാതിരുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. എന്നാല്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 80 ശതമാനം ഫിറ്റാണെങ്കില്‍ ജഡേജയെ കളിപ്പിക്കുമെന്നും ശാസ്‌ത്രി സൂചന നല്‍കി. 

രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട് എന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും കളിക്കാതിരുന്ന പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നസ് കൈവരിച്ചിട്ടുണ്ട്. ഓരോ മത്സരങ്ങളില്‍ ജയിച്ച് പരമ്പരയില്‍ തുല്യത പാലിക്കുകയാണ് ഇപ്പോള്‍ ടീമുകള്‍.