ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രവചിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഈ മാറ്റമുണ്ടാകുമെന്നാണ് പോണ്ടിംഗ് പറയുന്നത്...

പെര്‍ത്ത്: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഓപ്പണിംഗില്‍ അമ്പേ പരാജയപ്പെട്ട മുരളി വിജയിക്ക് പകരം കൗമാര താരം പൃഥ്വി ഷാ ടീമിലെത്തുമെന്ന് റിക്കി പറയുന്നു. ഇന്ന് രാവിലെ പെര്‍ത്തില്‍ ഔട്ട് ഫീല്‍ഡില്‍ ഷാ പന്തുതട്ടുന്നത് കണ്ടു. മൂന്നാം ടെസ്റ്റിനായി 10 ദിവസത്തോളം ബാക്കിയുണ്ട്. ഇതിനാല്‍ ഷായ്ക്ക് പ്ലെയിംഗ് ഇലവനിലെത്താന്‍ കഴിയുമെന്ന് മുന്‍ താരം പറഞ്ഞു.

ഷാ ടീമിലെത്തിയാല്‍ മോശം ഫോമിലുള്ള മുരളി വിജയി പുറത്താകുമെന്നും ഓസീസ് മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. അഡ്‌ലെ‌യ്‌‌ഡില്‍ നടന്ന ആദ്യ ടെസ്റ്റിലും പെര്‍ത്തിലെ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയമായിരുന്നു. മൂന്ന് ഇന്നിംഗ്സുകളില്‍ രണ്ട്, 44, രണ്ട് എന്നിങ്ങനെയാണ് കെ എല്‍ രാഹുലിന്‍റെ സ്‌കോര്‍. ഇതേസമയം 11, 18, പൂജ്യം റണ്‍സ് വീതമാണ് മുരളി വിജയിയുടെ നേട്ടം.

പരമ്പരയ്ക്ക് മുന്‍പ് നടന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തില്‍ പരിക്കേറ്റ ഷാ സുഖം പ്രാപിച്ചുവരികയാണ്. ഇരുപത്തിയാറാം തിയതി ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഷാ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.