ചരിത്ര നേട്ടം സ്വന്തമാക്കിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴാം അഞ്ച് വിക്കറ്റ് നേട്ടം...

പെര്‍ത്ത്: ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പെര്‍ത്ത് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ നേട്ടത്തിനൊപ്പമെത്തിയിരുന്നു ലിയോണ്‍. 

മുരളീധരന്റെ നേട്ടത്തിനൊപ്പമെത്തിയ ലിയോണിന് തകര്‍പ്പന്‍ ആശംസയാണ് സച്ചിന്‍ നല്‍കിയത്. 'ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച സവിശേഷ സ്‌പിന്നറാണ് ലിയോണ്‍. മികച്ച വേരിയേഷന്‍ ലഭിക്കുന്നുണ്ട്. പിച്ചിലെ ബൗണ്‍സും ടേണും നന്നായി ഉപയോഗിക്കാനാകുന്നത് പ്ലസ് പോയിന്‍റാണെന്നും' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സച്ചിന്‍റെ വാക്കുകള്‍ക്ക് വലിയ ബഹുമാനത്തോടെയാണ് ലിയോണ്‍ മറുപടി പറഞ്ഞത്.

Scroll to load tweet…

സച്ചിനെ പോലുള്ള എക്കാലത്തെയും മികച്ച താരങ്ങളിലൊരാളില്‍ നിന്ന് പ്രശംസ ലഭിക്കുന്നത് അത്ഭുതകരമാണ്. അദേഹത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്നത് വലിയ ആദരമാണെന്നും മത്സരശേഷം ലിയോണ്‍ പറഞ്ഞു. മുപ്പത് ഇന്നിംഗ്സുകളില്‍ നിന്ന് ലിയോണ്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ മുരളീധരന് 32 ഇന്നിംഗ്സുകള്‍ വേണ്ടിവന്നുവെന്നത് ശ്രദ്ധേയമാണ്.