"ഈ പിച്ചില്‍ റണ്‍സ് നേടുക പ്രയാസമാണ്. ആദ്യ രണ്ട് ദിനങ്ങളില്‍ പിറന്ന റണ്‍സ് വളരെ കുറവാണ്. ഒരു ദിവസം 200 റണ്‍സ് കണ്ടെത്തുക തന്നെ ആയാസകരം"

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഒരു ദിനം 200 റണ്‍സ് നേടുക പ്രയാസമെന്ന് ഇന്ത്യയുടെ സെഞ്ചുറി വീരന്‍ ചേതേശ്വര്‍ പൂജാര. 'ഈ പിച്ചില്‍ റണ്‍സ് നേടുക പ്രയാസമാണ്. ആദ്യ രണ്ട് ദിനങ്ങളില്‍ പിറന്ന റണ്‍സ് വളരെ കുറവാണ്. ഒരു ദിവസം 200 റണ്‍സ് കണ്ടെത്തുക തന്നെ ആയാസകരം. അതിനാല്‍ ഇന്ത്യക്ക് ജയിക്കാനുള്ള റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുണ്ടെന്നും' പൂജാര പറഞ്ഞു. മത്സരശേഷമുള്ള വാര്‍ത്തസമ്മേളനത്തിലാണ് പൂജാരയുടെ പ്രതികരണം.

പിച്ച് ബൗണ്‍സ് വേരിയേഷനുകള്‍ കൊണ്ട് ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെയും ഇന്നും ബാറ്റ് ചെയ്തപ്പോള്‍ പിച്ചിന്‍റെ സ്വഭാവത്തിലെ വ്യത്യാസം തിരിച്ചറിയാനായി. നാളെ മുതല്‍(മൂന്നാം ദിനം) ബാറ്റിംഗ് അതിദുഷ്കരമാകുമെന്ന് പൂജാര മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ ജയിക്കാനുള്ള റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുണ്ടെന്നും 'രണ്ടാം വന്‍മതില്‍' പറഞ്ഞു.

ഓസീസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴിന് 443 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും(3) മാര്‍കസ് ഹാരിസു(5)മാണ് ക്രീസില്‍.