അക്രമണോത്സുക സമീപനം കോലി തുടരണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാന്‍. സഹീറിന്‍റെ അഭിപ്രായത്തെ മുന്‍ സഹതാരം പ്രവീണ്‍ കുമാര്‍ പിന്തുണച്ചു.

മുംബൈ: മൈതാനത്തും പുറത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പെരുമാറ്റം പലതവണ ചര്‍ച്ചയായിട്ടുണ്ട്. പെര്‍ത്ത് ടെസ്റ്റിനിടെ ഓസീസ് നായകന്‍ ടിം പെയിനുമായുള്ള ഉരസല്‍ കോലിയുടെ വിമര്‍ശകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കോലിയുടെ അക്രമണോത്സുക സമീപനം തുടരണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാന്‍. 

കോലി എങ്ങനെയാണോ അത് തുടരുക, തന്‍റെ വിജയതന്ത്രത്തില്‍ നിന്ന് കോലിക്ക് ഒരിക്കലും പിന്‍മാറാനാവില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം പരിഗണിക്കേണ്ടതില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരകള്‍ എക്കാലത്തും ഇങ്ങനെയായിരുന്നതായും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സഹീര്‍ പറഞ്ഞു. സഹീറിന്‍റെ അഭിപ്രായത്തെ മുന്‍ സഹതാരം പ്രവീണ്‍ കുമാര്‍ പിന്തുണച്ചു. അക്രമണോത്സുകതയില്ലാതെ കളിച്ചാല്‍ കോലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ലെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

നേരത്തെ ഓസീസ് മുന്‍ താരങ്ങളായ മൈക്ക് ഹസിയും മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.