ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടി20 ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലിന് സിഡ്‌നിയില്‍. പരമ്പരയിൽ പിന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക് ഒപ്പമെത്താൻ ഇന്ന് ജയിച്ചേ മതിയാവൂ. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. സ്റ്റാര്‍ക്കിന്‍റെ മടങ്ങിവരവ് ഓസീസിന് കൂടുതല്‍ കരുത്തുപകരുന്നു...
സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് നടക്കും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കളി തുടങ്ങുക. സിഡ്നിയിൽ പോരിനിറങ്ങുമ്പോൾ സമ്മർദം ഇന്ത്യക്കാണ്. പരമ്പരയിൽ പിന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക് ഒപ്പമെത്താൻ ഇന്ന് ജയിച്ചേ മതിയാവൂ.
ആദ്യ കളിയിൽ ഇന്ത്യ പൊരുതിത്തോറ്റപ്പോൾ രണ്ടാം മത്സരം മഴയെടുത്തു. ഡിസംബർ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ സിഡ്നിയിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. രോഹിത്- ധവാൻ കൂട്ടുകെട്ട് നൽകുന്ന തുടക്കമാവും ബാറ്റിംഗിൽ നിർണായകമാവുക. ഓസീസ് ബാറ്റ്സ്മാൻമാരെ തളയ്ക്കാൻ കുൽദീപ് യാദവിനൊപ്പം ഇന്ത്യ യുസ്‍വേന്ദ്ര ചാഹലിനെ കളിപ്പിച്ചേക്കും.
ഇങ്ങനെയെങ്കിൽ ഖലീൽ അഹമ്മദ് പുറത്തിരിക്കേണ്ടിവരും. ക്രുനാൽ പാണ്ഡ്യയും ദിനേശ് കാർത്തിക്കും കെ എൽ രാഹുലും ടീമിൽ തുടരും. ഓസ്ട്രേലിയ പരുക്കേറ്റ ബിൽ സ്റ്റാൻലേക്കിന് പകരം മിച്ചൽ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തി. 2016ൽ ഇതേവേദിയില്‍ നടന്ന മത്സരത്തിൽ ഓസീസിന്‍റെ 198 റൺസ് പിന്തുടർന്ന് ഇന്ത്യ ജയിച്ചിരുന്നു.
