മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം. പത്ത് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 498 റൺസ് കൂടി വേണം. വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.
ട്രെന്‍റ് ബ്രിഡ്‌ജ്: ഇന്ത്യക്കെതിരായ നോട്ടിംഗ്‌ഹാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം. 521 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 23 റൺസ് എന്ന നിലയിലാണ്. കുക്കും(9), ജെന്നിംഗ്സുമാണ്(13) ക്രീസില്‍. പത്ത് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 498 റൺസ് കൂടി വേണം. നേരത്തേ ഏഴ് വിക്കറ്റിന് 352 റൺസെടുത്ത് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. കോലി 103 റൺസെടുത്തു. പുജാര 72 റൺസെടുത്തപ്പോൾ പാണ്ഡ്യ 52 റൺസുമായി പുറത്താവാതെ നിന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 161 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലാണ്.
