ഓവല്‍ ടെസ്റ്റില്‍ കരുണ്‍ നായർക്ക് അവസരം നല്‍കാത്തതില്‍ വിയോജിപ്പ് വ്യക്തമാക്കി ആകാശ് ചോപ്ര. നേരത്തെ സുനില്‍ ഗവാസ്കറും ടീം തെരഞ്ഞെടുപ്പില്‍ അസംതൃപ്തി അറിയിച്ചിരുന്നു. 

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ നായർക്ക് അവസരം നല്‍കാത്തതിലുള്ള വിവാദം കത്തിപ്പടരുന്നതിനിടെ ടീം സെലക്ഷനിലെ പോരായ്മകള്‍ ചൂണ്ടിക്കാടി കൂടുതല്‍ പേർ രംഗത്ത്. കരുണിനെ തഴഞ്ഞതും വിഹാരിയെ കളിപ്പിച്ചതും ചോദ്യം ചെയ്ത് മുന്‍ നായകന്‍ സുനില്‍ ഗവാസ്കർ രംഗത്തെത്തിയതിന് പിന്നാലെ ആകാശ് ചോപ്രയും വിയോജിപ്പ് പ്രകടിപ്പിച്ചു. 

കരുണിനേക്കാള്‍ ഭേദപ്പെട്ട നിലയില്‍ പ്രതിരോധിച്ച് കളിക്കുന്ന താരമായതിനാലാണ് വിഹാരിയെ ടീമിലെടുത്തത് എന്ന സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റിനായിരുന്നു ചോപ്രയുടെ മറുപടി. ഇതേ ലോജിക്ക് വെച്ച് ചിന്തിക്കുകയാണെങ്കില്‍ ഓപ്പണർ ശിഖർ ധവാനേക്കാള്‍ കൂടുതല്‍ പ്രതിരോധിച്ച് കളിക്കുന്നത് മുരളി വിജയി ആണോ എന്ന് ചോപ്ര ചോദിച്ചു. ടീം സെലക്ഷനെ പിന്തുണയ്ക്കുന്നതായും സഞ്ജയ് മഞ്ജരേക്കർ ട്വീറ്റില്‍ കുറിച്ചിരുന്നു. 

നേരത്തെ കരുണ്‍ നായരെ ടീം മാനേജ്മെന്റിന് ഇഷ്ടമല്ലാത്തതുകൊണ്ടാണോ കളിപ്പിക്കാത്തതെന്ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഗവാസ്കര്‍ ചോദിച്ചു. അയാള്‍ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനല്ലായിരിക്കാം. പക്ഷെ അയാളെ സെലക്ടര്‍മാര്‍ ടീമിലെടുത്തിട്ടുണ്ടല്ലോ. വിഹാരിക്ക് പകരം എന്തുകൊണ്ട് തന്നെ കളിപ്പിച്ചില്ലെന്ന് ടീം മാനേജ്മെന്റിനോട് ചോദിക്കാനുള്ള എല്ലാ അവകാശവും കരുണ്‍ നായര്‍ക്കുണ്ട് എന്ന് ഇതിഹാസ താരം ഗവാസ്കർ വ്യക്തമാക്കിയിരുന്നു. 

Scroll to load tweet…