ഇന്ത്യന്‍ ബൗളിംഗ് നിര വെള്ളം കുടിപ്പിക്കുന്നതായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. താന്‍ നേരിട്ട എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണ് ഇതെന്ന് അലിയുടെ പ്രശംസ.  

ഓവല്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ ബൗളിംഗ് നിര. ഇശാന്തും ബൂംറയും ഷമിയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര മിക്ക ഇന്നിംഗ്സുകളിലും പേരുകേട്ട ഇംഗ്ലണ്ട് ടീമിനെ വിറപ്പിച്ചു. ഓവല്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ അതിശയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയതാണ് ഒടുവിലത്തേത്. എന്നാല്‍ വിക്കറ്റ് വീഴ്ച്ചക്കിടയില്‍ ചെറുത്തുനിന്ന് അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും മൊയിന്‍ അലി അത്ര സന്തുഷ്ടനല്ല.

താന്‍ നേരിട്ട എക്കാലത്തെയും മികച്ച ബൗളിംഗ് നിരകളിലൊന്നാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് അലി പറയുന്നു. ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞു. വിക്കറ്റ് അല്‍പം പതുക്കെ ആയിരുന്നെങ്കിലും പന്തുകള്‍ ദുര്‍ഘടമായി. ഹിറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അധികം അനുവദിച്ചില്ല. അതിനാല്‍ കഴിയുന്നത്ര സമയം ക്രീസില്‍ നില്‍ക്കുക മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം. കരിയറില്‍ നേരിട്ട എക്കാലത്തെയും മികച്ച ബൗളിംഗ് നിരകളിലൊന്നാണിതെന്ന് നിസംശയം പറയാം- അലി പറഞ്ഞു.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 170 പന്തില്‍ നിന്ന് അലി 50 റണ്‍സ് നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ കുക്കിനൊപ്പം 73 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ ആദ്യ ദിനത്തിന്‍റെ അവസാന സെക്ഷനില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ ഏഴിന് 198 എന്ന നിലയിലായി ഇംഗ്ലണ്ട്. ഇശാന്ത് മൂന്നും ബൂംറയും ജഡേജയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.