രണ്ടാം ടെസ്റ്റ് നേടിയില്ലെങ്കില്‍ പരമ്പരയില്‍ ഒരു തിരിച്ചുവരവ് ഇന്ത്യയ്ക്ക് കഠിനമായിരിക്കും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യൻ ടീം. ബിര്‍മിങ്ഹാമില്‍ മൂന്നാം നമ്പറില്‍ അരങ്ങേറിയ സായ് സുദര്‍ശൻ രണ്ടാം ടെസ്റ്റിലുണ്ടായേക്കില്ലെന്നാണ് സൂചന. സായ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയേക്കും. ഇതോടെ മലയാളി താരം കരുണ്‍ നായരിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്നും ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിങ് നിരയില്‍ മാറ്റമുണ്ടായേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
ബൗളിങ് നിരിയിലും കാര്യമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയാറായേക്കും. സൂപ്പര്‍ താരം ജസ്പ്രിത് ബുംറയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കാൻ മാനേജ്മെന്റ് തയാറായേക്കും. പകരം ആകാശ് ദീപിനാണ് മുൻഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അര്‍ഷദീപ് സിങ്ങിന് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. ബൗളിങ് നിരയിലെ മറ്റൊരു മാറ്റം ശാര്‍ദൂല്‍ താക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ്.
ഒന്നാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിലെത്തിയിട്ടും ശാര്‍ദൂലിന് തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും സംഭാവന ചെയ്യാൻ കഴിയാതെ പോയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബെൻ ഡക്കറ്റിന്റേയും ഹാരി ബ്രൂക്കിന്റേയും വിക്കറ്റുകളെടുത്തെങ്കിലും മികച്ച പന്തുകളില്‍ നിന്നായിരുന്നില്ല രണ്ടും. പത്ത് റണ്‍സില്‍ താഴെയായിരുന്നു രണ്ട് ഇന്നിങ്സിലുമായി ശാര്‍ദൂലിന് ബാറ്റുകൊണ്ട് നേടാനായത്.
സുന്ദറിന്റെ വരവോടെ ഇന്ത്യൻ നിരയിലെ ഓള്‍റൗണ്ടര്‍മാരുടെ എണ്ണം മൂന്നായി വര്‍ധിക്കും. രവീന്ദ്ര ജഡേജയും നിതീഷ് കുമാറുമാണ് മറ്റ് രണ്ട് പേര്‍. കരുണ്‍ മൂന്നാം നമ്പറിലെത്തുന്നതോടെ ജഡേജയ്ക്കും ഒരുപടി സ്ഥാനക്കയറ്റമുണ്ടായേക്കും. നിതീഷായിരിക്കും ഏഴാം നമ്പറില്‍ ക്രീസിലെത്തുക. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ റണ്‍സൊന്നുമെടുക്കാൻ സായിക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിങ്സില്‍ 48 പന്തില്‍ 30 റണ്‍സുമായിരുന്നു ഇടം കയ്യൻ ബാറ്ററുടെ സമ്പാദ്യം.
സായിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകാൻ ഇടയില്ല. മറിച്ച് ടീം ബാലൻസായിരിക്കാം ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷേ, ബുംറയ്ക്ക് പകരം ആകാശ് ദീപിന്റെ വരവ് ഇന്ത്യൻ ബൗളിങ് നിരയെ ശക്തിപ്പെടുത്തുന്ന ഒന്നല്ലെന്നും വ്യക്തമാണ്. രണ്ടാം ടെസ്റ്റ് നേടിയില്ലെങ്കില്‍ പരമ്പരയില്‍ ഒരു തിരിച്ചുവരവ് ഇന്ത്യയ്ക്ക് കഠിനമായിരിക്കും.


