എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് പരാജയത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. പരാജയത്തിന് കാരണം കോലി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പരാജയം. രണ്ട് പ്രമുഖ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെയാണ് ദാദ പ്രധാനമായും വിമര്‍ശനം എയ്യുന്നത്. 

കൊല്‍ക്കത്ത: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് പരാജയത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ പരാജയത്തിന് കാരണം കോലി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണെന്ന് ദാദ തുറന്നടിച്ചു. എന്നാല്‍ രണ്ട് മുന്‍നിര ബാറ്റ്സ്‌മാന്‍മാരുടെ പരാജയമാണ് ദാദയെ കൂടുതല്‍ ചൊടിപ്പിച്ചത്. ഒരു ദേശീയ മാധ്യമത്തോടാണ് ദാദ അസ്വാരസ്യം അറിയിച്ചത്. 

ആദ്യ എകദിനത്തില്‍ വിരാട് കോലി നന്നായി കളിച്ചു. അല്ലായിരുന്നെങ്കില്‍ ഉഴപ്പിക്കളിച്ച ഇന്ത്യ രണ്ടാം ദിനം തന്നെ മത്സരത്തില്‍ നിന്ന് അപ്രത്യക്ഷമാകുമായിരുന്നു. ടെസ്റ്റ് വിജയിക്കണമെങ്കില്‍ എല്ലാവരും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. അജിങ്ക്യ രഹാനെയും മുരളി വിജയിയും കൂടുതല്‍ ഉത്തരവാദിത്വം കാട്ടണം. ഇംഗ്ലീഷ് സാഹചര്യത്തില്‍ മുന്‍പ് റണ്‍സ് കണ്ടെത്തിയിട്ടുള്ളവരാണ് ഇരുവരും. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ തിരിച്ചുവരാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും ഗാംഗുലി പറയുന്നു. 

ഇംഗ്ലണ്ടില്‍ ടെസ്റ്റ് തോല്‍വി വഴങ്ങാത്ത അപൂര്‍വ്വം ഇന്ത്യന്‍ നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദാദയുടെ സംഘം 1-1ന്‍റെ സമനില നേടിയിരുന്നു. ഇന്ത്യയെ 49 ടെസ്റ്റില്‍ നയിച്ച ദാദ 21-ലും വിജയത്തിലെത്തിച്ചു. നിലവിലെ നായകന്‍ കോലിക്ക് കീഴിലും ഇന്ത്യ 21 ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ലോഡ്‌സില്‍ ഒമ്പതാം തിയ്യതി മുതലാണ് രണ്ടാം ടെസ്റ്റ്.