മുംബൈ: ഇന്ത്യ ന്യുസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം. ഓസ്‍ട്രേലിയക്കെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തും. ഇതോടെ അജിങ്ക്യ രഹാനെയ്‌ക്ക് വീണ്ടും പുറത്തിരിക്കേണ്ടിവരും.
ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരുന്നൂറാം ഏകദിനമാണ് ഇന്നത്തേത്. നാല് വിക്കറ്റുകൂടി നേടിയാല്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ഏകദിനത്തില്‍ 50 വിക്കറ്റ് തികയ്‌ക്കാം.
ഇന്ത്യയില്‍ ആദ്യ ഏകദിന പരമ്പര വിജയമാണ് കിവീസ് ലക്ഷ്യമിടുന്നത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസന്റെയും പ്രകടനമാവും കീവിസിന്റെ പ്രകടനത്തില്‍ നിര്‍ണായകമാവുക. മധ്യനിരയില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ടോം ലഥാം, റോസ് ടെയ്‌ലര്‍ എന്നിവരിലും കീവീസിന് പ്രതീക്ഷയുണ്ട്.
അതേസമയം, ഓസ്ട്രേലിയയെ തകര്‍ത്ത ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കീവിസ് എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അക്ഷര്‍ പട്ടേലിന്റെ പ്രകടനവും പരമ്പരയില്‍ നിര്‍ണായകമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
