ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഇന്ത്യന്‍ നായകനൊപ്പം സെല്‍ഫി എടുക്കാന്‍ ആരാധകന്‍ ശ്രമിച്ചത്. കോലിയെ ചുംബിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ അന്യായമായി മൈതാനത്ത് പ്രവേശിച്ചതിന് കേസെടുത്തിരിക്കുകയാണ്...

ഹൈദരാബാദ്: ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ സുരക്ഷാവേലി ചാടിക്കടന്ന ആരാധകന് കിട്ടിയത് എട്ടിന്‍റെ പണി. അന്യായമായി മൈതാനത്ത് കടന്നതിന് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. പത്തൊമ്പതുകാരനായ മുഹമ്മദ് ഖാനാണ് പ്രതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

മത്സരത്തിന്‍റെ ആദ്യദിനം വിന്‍ഡീസ് ഇന്നിംഗ്സിലെ 15-ാം ഓവറില്‍ മിഡ് വിക്കറ്റില്‍ കോലി ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കോലിയുടെ കവിളില്‍ ചുംബിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. 

രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും സമാനമായ രിതീയില്‍ സുരക്ഷാ വീഴ്ച്ച അരങ്ങേറിയിരുന്നു. അന്ന് രണ്ട് ആരാധകരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ചത്.