മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 283 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി അശ്വിനും 31 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍ . ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 12 റണ്‍സ് കൂടി വേണം.

രണ്ടാം ദിനം തുടക്കത്തില്‍ ഇന്ത്യ ആഗ്രഹിച്ചപ്പോലെയായിരുന്നു കാര്യങ്ങളുടെ പോക്ക്. 268/8 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് വലിയ പോരാട്ടത്തിനൊന്നും നില്‍ക്കാതെ 283 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിന്റെ അവസാന രണ്ടു വിക്കറ്റുകളും നേടി മുഹമ്മദ് ഷാമി ആകെ വിക്കറ്റ് നേട്ടം മൂന്നാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മോശമല്ലാത്ത തുടക്കമിട്ടു. സ്കോര്‍ 39ല്‍ നില്‍ക്കെ 12 റണ്‍സെടുത്ത മുരളി വിജയ് സ്റ്റോക്സിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി. വിജയ് വീണശേഷം പാര്‍ഥിവ് പട്ടേലും പൂജാരയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കി.

ടീം സ്കോര്‍ 73ല്‍ നില്‍ക്കെ ആദില്‍ റഷീദിന്റെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍(42) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കഴിഞ്ഞ ടെസ്റ്റിലെ ഇന്ത്യയുടെ ഹീറോകളായ ചേതേശ്വര്‍ പൂാജാരയും ക്യാപ്റ്റന്‍ വിരാട് കൊ‌ഹ്‌ലിയും ചേര്‍ന്ന് വന്‍ സ്കോറിനുളള അടിത്തറയിട്ട് ഇന്ത്യയെ 100 കടത്തി. എന്നാല്‍ ചായക്കുശേഷം ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ആദില്‍ റഷീദിന്റെ മോശം പന്തില്‍ സിക്സറിന് ശ്രമിച്ച പൂജാരയ്ക്ക് പിഴച്ചു. ക്രിസ് വോക്സിന്റെ മനോഹരമായ ക്യാച്ചില്‍ പൂജാര(51) മടങ്ങി. തൊട്ടുപിന്നാലെ രഹാനെ(0)യെയും വിക്കറ്റിന് മുന്നില്‍ കുടുക്കിയ റഷീദ് ഇന്ത്യയെ ഞെട്ടിച്ചു. അരങ്ങേറ്റക്കാരന്‍ കരുണ്‍ നായരുടെ ഊഴമായിരുന്നു അടുത്തത്.

ബട്‌ലറുടെ മനോഹരമായ ഫീല്‍ഡിംഗില്‍ കരുണ്‍(4) റണ്ണൗട്ടായി. കൊഹ്‌ലിയുടെ പിഴവായിരുന്നു കരുണിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും നങ്കൂരമിട്ട കൊഹ്‌ലിയായിരുന്നു അടുത്ത ഇര. ഓഫ് സ്റ്റമ്പിന് പുറത്തുപോയ സ്റ്റോക്സിന്റെ പന്തില്‍ ബാറ്റ് വെച്ച് കൊഹ്‌ലിയും(62) വീണതോടെ 204/6 ലേക്ക് കൂപ്പുകുത്തി. ഒന്നാം ഇന്നിംഗ്സ് ലീഡ് പോലും നേടാനാവില്ലെന്ന ഘട്ടത്തില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന അശ്വിനും ജഡേജയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ 271 റണ്‍സിലെത്തിച്ചു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സടിച്ചിട്ടുണ്ട്.