ക്രൈസ്റ്റ്‌ചേര്‍ച്ച്: മദ്ധ്യ ഓവറുകളിലെ മെല്ലേ പോക്കിന് അവസാന ഓവറുകളില്‍ കണക്ക് തീര്‍ത്ത് ഇന്ത്യ. 19 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ 273 റണ്‍സിന്റെ വിജയ മാര്‍ജിനാണ് ഇന്ത്യ ഉയര്‍ത്തിയത്. 94 പന്തില്‍ നിന്ന് 102 റണ്‍സെടുത്ത സുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ഫൈനലോളം പ്രതീക്ഷ നല്‍കിയിരിക്കുന്നത്.
കളിയുടെ തുടക്കത്തില്‍ സ്ഥിതപ്രജ്ഞത കാട്ടിയ ഇന്ത്യന്‍ കുട്ടികള്‍ ഇടയ്ക്ക് കളി കൈവിട്ടെങ്കിലും പിന്നീട് ബാറ്റിംഗ് ഓഡറിലേക്ക് തിരിച്ചെത്തുകയായിരുന്നു. പാരമ്പര്യ വൈരികള്‍ തമ്മിലുള്ള മത്സരമായതുകൊണ്ടുതന്നെ ഏറെ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിരുന്ന മത്സരമാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 42 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉയര്‍ത്തി 41 റണ്‍സെടുത്ത നായകന്‍കൂടിയായ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പ്രത്വി ഷാ മുഹമ്മദ് മൂസയുടെ ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. 59 പന്തില്‍ നിന്ന് 7 ഫോറിന്റെ പിന്‍ബലത്തില്‍ 47 റണ്‍സെടുത്ത മന്‍ജോദ് കല്‍റയെയും പുറത്താക്കിയത് മുഹമ്മദ് മൂസയായിരുന്നു. മുഹമ്മദ് മൂസയുടെ പന്ത് ഉയര്‍ത്തിയടിച്ച മന്‍ജോദിന് പിഴച്ചു. പന്ത് റോഹൈയില്‍ നസീറിന്റെ കൈകളില്‍ അവസാനിച്ചു.
എന്നാല്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്താണ് പഞ്ചാബിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ സുബ്മാന്‍ ഗില്‍ ബാറ്റ് വീശിയത്. 94 പന്തില്‍ നിന്ന് 7 ഫോറിന്റെ അകമ്പടിയോടെയാണ് സുബ്മാന്‍ ഗില്ലി 102 റണ്‍സ് അടിച്ചു കൂട്ടിയത്. 34 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഹര്‍വിക്ക് ദേസായിയെ അര്‍ഷാദ് ഇഖ്ബാലിന്റെ പന്തില്‍ സാദ്ഖാന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് വന്ന അര്‍ഷാദ് ഇഖ്ബാലിന്റെ പന്തുകളായിരുന്നു ഇന്ത്യന്‍ നിരയില്‍ തീ വിതച്ചത്. ഹര്‍വിക്കിന്് പുറമേ രണ്ട് റണ്‍സെടുത്ത റിയാന്‍ പരാഗ്, അഞ്ച് റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ എന്നിവരെയും പെട്ടെന്ന് തന്നെ കൂടാരം കയറ്റാന്‍ അര്‍ഷാദ് ഇഖ്ബാലിന്റെ പന്തുകള്‍ക്ക് കഴിഞ്ഞു. 45 പന്തില്‍ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെ 33 റണ്‍സെടുത്ത അനുകുല്‍ റോയിയെ മൂഹമ്മദ് മൂസയുടെ പന്തില്‍ റോഹൈല്‍ നാസര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് സുബ്മാന്‍ ഗില്ലിന് കൂട്ടായിയെത്തിയ ശിവം മാവി 6 പന്തുകളില്‍ നിന്ന് 2 ഫോറുകളുടെ അകമ്പടിയോടെ 10 റണ്‍സെടുത്തു. ശിവ സിംഗ്, ഇഷാന്‍ പേരെല്‍ എന്നിവര്‍ ഓരോ റണ്‍വീതമെടുത്തു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് മൂസ നാലും അര്‍ഷാദ് ഇഖ്ബാല്‍ മൂന്നും ശാഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.
