Asianet News MalayalamAsianet News Malayalam

ഗ്രീന്‍ഫീല്‍ഡില്‍ ക്രുനാല്‍ ഷോ; ബൗളിംഗ് കരുത്തില്‍ ഇന്ത്യ എയ്ക്ക് പരമ്പര

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 60 റണ്‍സിന്‍റെ ജയം. ഇന്ത്യ എ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സ് 112ന് ഓള്‍ഔട്ടായി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യക്ക് പരമ്പര.

India A beat England Lions by 60 runs
Author
Thiruvanantapuram, First Published Jan 27, 2019, 4:36 PM IST

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യന്‍ തേരോട്ടം. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സ് 112ന് ഓള്‍ഔട്ടായി. ബൗളിംഗ് കരുത്തിലാണ് ലയണ്‍സിനെതിരെ ഇന്ത്യ എ 60 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയത്. 

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ എ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതാണ് മൂന്നാം ഏകദിനത്തില്‍ കണ്ടത്. 47.1 ഓവറില്‍ 172ല്‍ ഇന്ത്യ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഇഷാന്‍ കിഷന്‍ 30 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ പൊരുതി 39 റണ്‍സെടുത്ത ദീപക് ചഹാറാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. രഹാനെ(0), ലോകേഷ് രാഹുല്‍(13), ഹനുമാ വിഹാരി(16), ശ്രേയാസ് അയ്യര്‍(13), ക്രുനാല്‍ പാണ്ഡ്യ(21) എന്നിങ്ങനെയാണ് ഇന്ത്യന്‍ കരുത്തരുടെ സ്‌കോര്‍. ലയണ്‍സിനായി ഒവര്‍ട്ടണ്‍ മൂന്നും കാര്‍ട്ടറും ജാക്ക്‌സും ഗ്രിഗറിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ക്രുനാല്‍ പാണ്ഡ്യ നാലും അക്ഷാറും സെയ്‌നിയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തിയപ്പോള്‍ ലയണ്‍സിന് അടിപതറി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓപ്പണര്‍മാരായ ഡേവീസ് പൂജ്യത്തിനും ജാക്ക്സ് ഒരു റണ്ണിനും പുറത്തായി. നായകന്‍ ബില്ലിംഗ്‌സിന് നാല് റണ്‍സാണ് എടുക്കാനായത്. 39 റണ്‍സെടുത്ത ബെന്‍ ഡക്കെട്ടാണ് ടോപ് സ്‌കോറര്‍. ഓലി പോപ്പ്(27), ഒവര്‍ട്ടണ്‍(18), ഡാനി ബ്രിഗ്‌സ്(15) എന്നിങ്ങനെയാണ് മറ്റുയര്‍ന്ന സ്‌കോറുകള്‍. ഇതോടെ ലയണ്‍സ് 30.5 ഓവറില്‍ 112ല്‍ പുറത്താവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios