ലെസ്റ്റര്‍ഷെയറിനെതിരെ നടന്ന ഏകദിന സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിന് 281 റണ്‍സിന്റെ കൂറ്റന്‍ ജയം

ലണ്ടന്‍: ലെസ്റ്റര്‍ഷെയറിനെതിരെ നടന്ന ഏകദിന സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിന് 281 റണ്‍സിന്റെ കൂറ്റന്‍ ജയം. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരുടെ സെഞ്ച്വറി മികവില്‍ ലെസ്റ്റര്‍ഷെയറിനെതിരേ ഇന്ത്യ എ 458-4 (50) എന്ന പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്.

2017-18 സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായ മായങ്ക് അഗര്‍വാളാണ് ലെസ്റ്റര്‍ഷെയറിനെതിരേ ടോപ്പ് സ്‌കോറര്‍. 106 ബോളില്‍ നിന്ന് 151 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായ പൃഥ്വി ഷായും 70 ബോളില്‍ നിന്ന് 132 റണ്‍സെടുത്ത് കഴിവ് തെളിയിച്ചു.

221 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പ്രൃഥ്വി ഷായുടെ വിക്കറ്റ് അതീഖ് ജാവേദ് വീഴ്ത്തി. അതേസമയം, 106 പന്ത് നേരിട്ട അഗര്‍വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (86), ദീപക് ഹൂഡ (38), ശ്രേയസ് അയ്യര്‍ (15), ഋഷഭ് പന്ത് (13) എന്നിവരാണ് മറ്റു ഇന്ത്യന്‍ സ്‌കോറര്‍മാര്‍. ലെസ്റ്റര്‍ഷെയറിന് വേണ്ടി അതീഖ് ജാവേദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസ്റ്റര്‍ഷെയറില്‍ 62 റണ്‍സെടുത്ത വെല്‍സ് മാത്രമാണ് ഫോമിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക്ക് ചാഹര്‍ മൂന്നും പ്രസിദ് കൃഷ്ണ, ദീപക് ഹൂഡ, പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.