രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 488 റണ്‍സിന് പുറത്തായി. വാലറ്റത്ത് 70 റണ്‍സെടുത്ത് ആര്‍ അശ്വിന്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 488 വരെ എത്തിച്ചത്. ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ലഭിച്ചത്. 35 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, അശ്വിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇതിനിടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഹിറ്റ് വിക്കറ്റിലൂടെ പുറത്തായത് ശ്രദ്ധേയമായി. ആദില്‍ റഷീദിന്റെ പന്തിലാണ് കൊഹ്ലി ക്രിക്കറ്റിലെ അപൂര്‍വ്വമായ രീതിയില്‍ പുറത്തായത്. ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന ഇരുപത്തിരണ്ടാമത്തെ ബാറ്റ്‌സ്‌മാനാണ് കൊഹ്‌ലി.
നാലിന് 319 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്ക് പൂജാരയുടെയും(124), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും(40) വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്‌ടമായി. ഇതോടെ ആറിന് 361 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന അശ്വിനും സാഹയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നേരത്തെ ചേതേശ്വര്‍ പൂജാരയെ ബെന്‍ സ്റ്റോക്ക്സ് പുറത്താക്കുകയായിരുന്നു. കുക്കിന് ക്യാച്ച് നല്‍കിയാണ് പൂജാര പുറത്തായത്. 206 പന്ത് നേരിട്ട പൂജാര 17 ബൗണ്ടറി ഉള്‍പ്പടെയാണ് 124 റണ്‍സെടുത്തത്.
ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ് നാലു വിക്കറ്റ് സ്വന്തനാക്കി. സഫര്‍ അന്‍സാരി, മൊയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയിട്ടുണ്ട്.
