നാഗ്പൂര്‍: ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരം നാളെ നാഗ്പൂരില്‍. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 3-1ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കാണ് നാഗ്പൂരില്‍ മുന്‍തൂക്കം. എന്നാല്‍ ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ ഓസീസ് കഴിഞ്ഞ മല്‍സരത്തിലെ വിജയം തുടരാനാകും ശ്രമിക്കുക. ബെംഗളുരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ 21 റണ്‍സിനായിരുന്നു ഓസീസിന്‍റെ വിജയം. നാലാം ഏകദിനം കളിച്ച ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനയും ഇന്ത്യന്‍ ഓപ്പണര്‍മാരായി തുടരും. മധ്യനിരയില്‍ കേദാര്‍ ജാദവും ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ താളം കണ്ടെത്താത്ത മനീഷ് പാണ്ഡെയ്ക്കും മഹേന്ദ്രസിംഗ് ധോണിക്കും ഫോമിലെത്താനുള്ള അവസാന അവസരമാണിത്. അതേസമയം പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന കെ.എല്‍ രാഹുലിനെ നാഗ്പൂരില്‍ കളിപ്പിച്ചേക്കും. അങ്ങനെവന്നാല്‍ മനീഷ് പാണ്ഡെയ്ക്ക് പുറത്തിരിക്കേണ്ടി വരും.

നാലാം ഏകദിനത്തില്‍ റണ്‍ വഴങ്ങിയെങ്കിലും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തുടരും. വിശ്രമം നല്‍കിയിരിക്കുന്ന ജസ്‌പ്രീത് ഭുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മടങ്ങിയെത്താന്‍ സാധ്യതയില്ല. ഡേവിഡ് വാര്‍ണ്ണറും ആരോണ്‍ ഫിഞ്ചും മികച്ച ഫോമിലാണെങ്കിലും മധ്യനിര സ്ഥിരത പുലര്‍ത്താത്തത് ഓസീസിന് ഭീഷണിയാവുന്നു. നന്നായി പന്തെറിയുന്ന കോള്‍ട്ടര്‍ നൈലാണ് ഓസീസ് ബോളിംഗിന്‍റെ കുന്തമുന.