ഇന്‍ഡോര്‍: മൂന്നാം ഏകദിനം ജയിച്ച് ഓസീസിനെതിരായ പരമ്പര നേടാന്‍ ഇന്ത്യ നാളെയിറങ്ങും. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.30നാണ് മല്‍സരം. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ അഞ്ച് മല്‍സരങ്ങളുടെ പരമ്പയില്‍ 2-0ന് മുന്നിലാണ്. ഒന്നാം ഏകദിനം മഴനിയമപ്രകാരം 26 റണ്‍സിനും രണ്ടാം ഏകദിനം 50 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. 

പരമ്പയിലെ രണ്ട് മത്സരങ്ങളിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ഓസീസ് തിരിച്ചു വരവിനാകും ശ്രമിക്കുക. എന്നാല്‍ തുടര്‍ച്ചയായി മുന്‍നിര പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാഴ്‌ത്തുന്നു. മികച്ച രീതിയില്‍ പന്തെറിയുന്ന ബോളര്‍മാരിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. അവസാന മത്സരത്തില്‍ ഹാട്രിക് നേടിയ ചൈനാമാന്‍ സ്‌‌പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. 

അതേസമയം ഇന്‍ഡോര്‍ ഏകദിനത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ ഓസീസിനെ തേല്‍പ്പിച്ച ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പരുക്ക് മുലം നാട്ടിലേക്ക് തിരിച്ച് പോയ പാറ്റ് കമ്മിണ്‍സിനു പകരം ജയിംസ് ഫോക്ക്നര്‍ ടീമിലെത്തിയേക്കും. എന്നാല്‍ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.