ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ മ്യാന്‍മറിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 64 വര്‍ഷത്തിനുശേഷമാണ് മ്യാന്‍മറിനെ അവരുടെ നാട്ടില്‍ ഇന്ത്യ തോല്‍പ്പിക്കുന്നത്. ഇതുകൂടാതെ 1971ലെ മേര്‍ദേക്കാ കപ്പിലെ നാണംകെട്ട തോല്‍വിക്ക് പകരംവീട്ടാനും ഇന്ത്യയ്‌ക്ക് സാധിച്ചു. അന്ന് ഇന്ത്യയുടെ ഒരു ഗോളിനെതിരെ ഒമ്പത് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് മ്യാന്‍മര്‍ ജയിച്ചത്. 

നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഛേത്രിയുടെ ഗോള്‍ വന്നത്. പകരക്കാരനായി ഇറങ്ങിയ ഉദന്ത സിങ് ഒരുക്കിയ അവസരത്തില്‍നിന്നാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാമതാണ്. 

മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ കളിച്ചിരുന്നു. അനസിന്റെ രണ്ടാമത്തെ രാജ്യാന്തര മത്സരമായിരുന്നു ഇത്. സുനില്‍ ഛേത്രി നയിച്ച ടീമില്‍ ജെജെ ലാല്‍പെഖുല, റോബിന്‍ സിംഗ് എന്നിവരും മുന്നേറ്റ നിരയില്‍ ഇറങ്ങി. മലയാളി താരങ്ങളായ
സി കെ വിനീതിനും ടി പി രഹനേഷിനും ആദ്യ ഇലവനില്‍ ഇടംകിട്ടിയില്ല. ഫിഫ റാങ്കിംഗില്‍ 132ആം സ്ഥാനത്തുള്ള 
ഇന്ത്യയേക്കാള്‍ നാല്‍പ്പത് പടി പിന്നിലാണ് മ്യാന്‍മര്‍. ഗ്രൂപ്പില്‍ കിര്‍ഗിസ്ഥാനും മക്കാവുവും ആണ് മറ്റ് രണ്ട് ടീമുകള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.