ഇന്‍ഡോര്‍: അശ്വിന് മുന്നില്‍ ഒരിക്കല്‍ കൂടി കീവികള്‍ കറങ്ങിവീണു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്റെ ഏഴു വിക്കറ്റ് പ്രകടനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് 321 റണ്‍സിന്റെ കൂറ്റന്‍ ജയം. കളിയുടെ സമസ്ത മേഖലകളിലും കീവികളെ കാഴ്ചക്കാരാക്കി മൂന്നു ടെസ്റ്റുകളിലും ആധികാരിക ജയവുമായി പരമ്പര തൂത്തുവാരിയതിനൊപ്പം ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഒരു ദിവസം ബാക്കിയിരിക്കെയാണ് ഇന്ത്യ ജയമാഘോഷിച്ചത്. സ്കോര്‍: ഇന്ത്യ 557, 216/3, ന്യൂസിലന്‍ഡ് 299, 153. മത്സരത്തിലാകെ 13 വിക്കറ്റ് വീഴ്‌ത്തിയ അശ്വിനാണ് കളിയിലെ താരം. 27 വിക്കറ്റുകളാണ് പരമ്പരയില്‍ അശ്വിന്‍ സ്വന്തമാക്കിയത്. അശ്വിന്‍ തന്നെയാണ് പരമ്പരയുടെ താരവും.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ചേതേശ്വര്‍ പൂജാരയുടെ(101*) സെഞ്ചുറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം ടീമിലെത്തിയ ഗൗതം ഗംഭീര്‍(50) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ലഞ്ചിനുശേഷം കീവീസിന് 475 റണ്‍സ് വിജയലക്ഷ്യം നല്‍കുമ്പോള്‍ ഒരു ചെറുത്തുനില്‍പ്പെങ്കിലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ചായക്ക് മുമ്പു് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പോരാട്ടത്തിന്റെ സൂചനകള്‍ നല്‍കിയ ന്യൂസിലന്‍ഡ് അവസാന സെഷനില്‍ ഒമ്പത് വിക്കറ്റുകളും നഷ്ടമാക്കി അടിയറവ് പറഞ്ഞു. അശ്വിന്റെ സ്പിന്നിന് മുന്നില്‍ കീവികള്‍ക്ക് മറുപടിയില്ലായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റ് പിഴുത അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റെടുത്തു.
പരമ്പരയില്‍ നാലാം തവണയും കീവി നായകന്‍ കെയ്ന്‍ വില്യാംസണ്‍(27)അശ്വിന് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ടെയ്‌ലര്‍(32), റോങ്കി(0), സാന്റനര്‍(14), ജീതന്‍ പട്ടേല്‍(0), മാറ്റ് ഹെന്‍റി(0), ബൗള്‍ട്ട്(4) എന്നിവരും അശ്വിന്റെ ഇരകളായി. കീവീസിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 45 ഓവറുകള്‍ മാത്രമെ നീണ്ടുള്ളു. അശ്വിന് പുറമെ ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റ് വീഴ്‌ത്തി.
