പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ജയിക്കാനാവശ്യമായ 231 റണ്‍സ് ഇന്ത്യ നാല് ഓവറും ആറു വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒപ്പത്തിനൊപ്പമാണ്(1-1). ഇതോടെ കാണ്‍പുരില്‍ നടക്കുന്ന മൂന്നാമത്തെ ഏകദിനത്തിന് ഫൈനലിന്റെ പ്രതീതിയായി. ശിഖര്‍ ധവാന്‍(68), ദിനേഷ് കാര്‍ത്തിക്ക്(പുറത്താകാതെ 64) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് അനായസ ജയമൊരുക്കിയത്. ഹര്‍ദ്ദിക് പാണ്ഡ്യ 30 റണ്‍സും നായകന്‍ വിരാട് കോലി 29 റണ്‍സുമെടുത്തു.
സ്‌കോര്‍- ന്യൂസിലാന്‍ഡ് ഒമ്പതിന് 230 & ഇന്ത്യ 46 ഓവറില്‍ നാലിന് 232
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സെത്തുന്നതിനിടെ ഗപ്ടില്‍(11), മണ്‍രോ(10), വില്യാംസണ്‍(3) എന്നിവര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മധ്യനിരയുടെ ഭേദപ്പെട്ട പ്രകടത്തിന്റെ മികവിലാണ് കീവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലതാമും(38), നിക്കോള്‍സും(42), ഗ്രാന്‍ഡ്ഹോമും(41), സാന്റനറും(29), സൗത്തിയും(25 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് കീവീസ് ഇന്നിംഗ്സ് 200 കടത്തിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബൂമ്രയും ചാഹലും രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.
പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മല്‍സരം ഒക്‌ടോബര്‍ 29ന് കാണ്‍പുരില്‍ നടക്കും.
