ഏഷ്യാകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. സത്‌ബിര്‍ സിങ്(39), ഹര്‍മാന്‍പ്രീത് സിങ്(51), ലളിത് ഉപാധ്യായ്(52), ഗുര്‍ജന്ത് സിങ്(57) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

ആദ്യ രണ്ടു ക്വാര്‍ട്ടറുകളും ഗോള്‍രഹിതമായാണ് സമാപിച്ചത്. മൂന്നാം ക്വാര്‍ട്ടറിലാണ് സത്‌ബിര്‍ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഗുര്‍ജന്ത് സിങിന് ലഭിച്ച അവസരത്തിനൊടുവിലെ കൂട്ടപ്പൊരിച്ചിലിലാണ് സത്‌ബിര്‍ ഇന്ത്യയ്‌ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ ഹര്‍മാന്‍പ്രീത് സിങിനായില്ല. ഇതിനിടയില്‍ ഒരു പാക് താരം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായതോടെ, അവര്‍ പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. അവസാന ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മാന്‍പ്രീത് ഗോളാക്കി മാറ്റിയതോടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത മിനുട്ടില്‍ ലളിത് വീണ്ടു ംഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. അമ്പത്തിയേഴാം മിനുട്ടില്‍ ആകാശ് ദീപ് സിങിന്റെ പാസ് പിടിച്ചെടുത്ത് ഗുര്‍ജന്ത് സിങ് ഗോളാക്കി മാറ്റിയതോടെ ഇന്ത്യ പട്ടിക തികച്ചു.