ക്വാലാലംപൂര്‍: സുല്‍ത്താല്‍ അസ്ലാന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വെങ്കലം നേടി. എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രൂപീന്ദര്‍പാല്‍ സിംഗ്, എസ് വി സുനില്‍, തല്‍വീന്ദര്‍ സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഫൈനലിലെത്താന്‍ രണ്ടു ഗോള്‍ ജയം അനിവാര്യമായ മത്സരത്തില്‍ മലേഷ്യയോട് ഞെട്ടിപ്പിക്കുന്ന തോല്‍വി വഴങ്ങിയശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

മഴകാരണം അല്‍പം വൈകിത്തുടങ്ങിയ മത്സരത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ ക്വാര്‍ട്ടര്‍. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ ന്യൂസിലന്‍ഡ് തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യഗോള്‍. രൂപീന്ദര്‍പാല്‍ സിംഗായിരുന്നു സ്കോറര്‍. രണ്ടാം ക്വാര്‍ട്ടറിന്റെ അന്ത്യനിമിഷങ്ങളില്‍ ലഭിച്ച മറ്റൊരു പെനല്‍റ്റി കോര്‍ണര്‍ കൂടി ഗോളാക്കി മാറ്റി രൂപീന്ദര്‍ ഇന്ത്യന്‍ ലീഡ് രണ്ടാക്കി.

മൂന്നാം ക്വാര്‍ട്ടറിലും നാലാം ക്വാര്‍ട്ടറിലും ഓരോ ഗോള്‍ കൂടി നേടി ഇന്ത്യ ആധികാരിക ജയം ഉറപ്പിച്ചു. ഫൈനലില്‍ ഓസ്ട്രേലിയയും ഗ്രേറ്റ് ബ്രിട്ടനുമാണ് ഏറ്റുമുട്ടുന്നത്.