ചൈനക്കെതിരായ സൗഹൃദ മത്സരത്തില്‍ ജിംഗാനെ നായകനായി പ്രഖ്യാപിച്ച് ഇന്ത്യന്‍ പരിശീലകന്‍ കോണ്‍സ്റ്ററ്റൈന്‍. ജിംഗാന്‍ ഒരു പോരാളിയും മികച്ച നായകനുമാണെന്ന് ഇന്ത്യന്‍ പരിശീലകന്‍റെ സാക്ഷ്യം. നാളെയാണ് മത്സരം. 

സൂചൗ: ചൈനക്കെതിരെ നാളെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന്‍. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്ററ്റൈന്‍ പുതിയ നായകനെ പ്രഖ്യാപിച്ചത്. ചൈനയിലെ സൂചൗ ഒളിംപിക് സ്പോര്‍ട്‌സ് സെന്‍റര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

നാല് വര്‍ഷം മുമ്പാണ് ജിംഗാന്‍ ആദ്യമായി തനിക്ക് കീഴില്‍ കളിച്ചത്. അദേഹം ഒരു പോരാളിയും മികച്ച നായകനുമാണ്. അതിനാല്‍ ജിംഗാന്‍ നായകന്‍റെ ആം ബാന്‍ഡ് അര്‍ഹിക്കുന്നു- കോണ്‍സ്റ്ററ്റൈന്‍ പറഞ്ഞു. എന്നാല്‍ കോണ്‍സ്റ്ററ്റൈന് നന്ദി പറഞ്ഞ ജിംഗാന്‍ പ്രതികരിച്ചതിങ്ങനെ. 'ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാനകരമാണ്. അത് വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല'. ഛേത്രിയും ജെജെയും ഗുര്‍പ്രീതുമുള്ള ടീമില്‍ തന്‍റെ ജോലിഭാരം കുറയുമെന്നും ബ്ലാസ്റ്റേഴ്‌സ് താരം പറഞ്ഞു.

21 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. അവസാനമായി ഏറ്റുമുട്ടിയത് 1997ല്‍ കൊച്ചിയില്‍. എന്നാല്‍ നെഹ്‌റു കപ്പിലെ ആ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ചൈനയോട് അവസാന 17 മത്സരങ്ങളില്‍ ഒന്നിലും ഇന്ത്യ ജയിച്ചിട്ടില്ല. 12 തവണ ചൈന വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയിലായി.