ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്‌ടമായ ഇന്ത്യ നാലാം സ്ഥാനത്തായി. 125 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ആറ് റേറ്റിംഗ് പോയന്റുകള്‍ നഷ്‌ടമായ ഇന്ത്യക്കിപ്പോള്‍ 118 പോയന്റാണുള്ളത്.

121 റേറ്റിംഗ് പോയന്റ് വീതമുള്ള ഇംഗ്ലണ്ടും പാകിസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക, ഓസ്‍ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് അഞ്ചുമുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

2020ല്‍ ഓസ്‍ട്രേലിയയില്‍ നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിന് ആതിഥേയരെന്ന നിലയില്‍ ഓസീസിന് പുറമെ മറ്റ് ഒമ്പത് രാജ്യങ്ങള്‍ക്ക് കൂടിയേ നേരിട്ട് യോഗ്യത നേടാനാവൂ.

ഇന്നലെ പുറത്തുവന്ന ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തി മുന്നാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു.