മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുംബൈയില്‍ തുടങ്ങും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പര്‌മ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്. ഈ മല്‍സരം വിജയിക്കുകയോ സമനിലയാകുകയോ ചെയ്‌താല്‍ ഇന്ത്യയ്‌ക്ക് പരമ്പര വിജയം ഉറപ്പിക്കാം.
പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്ന ടീം ഇന്ത്യ മികച്ച പ്രകടനം തുടരാനാണ് ലക്ഷ്യമിടുന്നത്. ഫോമിലുള്ള നായകന്‍ വിരാട് കോലിയാണ് ടീമിന്റെ നെടുംതൂണ്‍. മൊഹാലി ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ പരുക്കില്‍ നിന്ന് മോചിതനായി മുരളി വിജയ്‌ക്കൊപ്പം ഓപ്പണറായി തിരിച്ചെത്തും. വൃദ്ധിമാന്‍ സാഹയുടെ പരിക്ക് ഭേദമാകാത്തതിനാല്‍ മുംബൈയിലും പാര്‍ഥിവ് പട്ടേല്‍ തന്നെയാകും വിക്കറ്റ് കാക്കുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ക്കൊപ്പം പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഇന്ത്യക്ക് കരുത്താവും. മറുവശത്ത് ആശങ്കകളുടെ നടുവിലാണ് ടീം ഇംഗ്ലണ്ട്. രാജ്‌കോട്ടിലെ പ്രകടനമൊഴിച്ചു നിര്‍ത്തിയാല്‍ ടീമിന് മികച്ച പ്രകടനം നടത്താനായിട്ടില്ല. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ജോ റൂട്ടും ഫോമില്‍ തിരിച്ചെത്താത്ത് ടീമിന് തലവേദനയാണ്. ബൗളര്‍മാരുടെ പ്രകടനവും ആശാവഹമല്ല. സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ നാലാം ടെസ്റ്റിലും ടോസ് നിര്‍ണായകമാവും.
