കൊല്‍ക്കത്ത: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരമുതൽ കൊൽക്കത്തയിലാണ് മൂന്നാം ഏകദിനം. ടീം ഘടനയിൽ കാര്യമായ മാറ്റമില്ലാതെയാരും ഇന്ത്യയിറങ്ങുക. കൈവിരലിന് പരുക്കേറ്റ ധവാന് പകരം അജിങ്ക്യ രഹാനെ ടീമിലെത്തിയേക്കും

പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മാനംകാക്കാനാണ് ഇംഗ്ലണ്ടിന്‍റെ ശ്രമം. ഈഡൻ ഗാർഡനിലെ അവസാനപോരിലും ആവേശം നിറഞ്ഞുതുളുമ്പുമെന്ന് ഉറപ്പ്. പൂനെയിലും കട്ടക്കിലും ജയിച്ച ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. ജൂണിലെ ചാമ്പ്യൻസ്ട്രോഫിക്ക് മുൻപ് ടീം ഇന്ത്യയുടെ അവസാന ഏകദിനമാണിത്. ഇതുകൊണ്ടുതന്നെ ടീമിൽ പരീക്ഷണങ്ങൾ ഉണ്ടാവില്ല.
ക്യാപ്റ്റൻ കോലിക്കും കേദാർ ജാദവിനുമൊപ്പം യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയുംകൂടി ഫോമിലേക്കെത്തിയെങ്കിലും ഓപ്പണിംഗ് പ്രതിസസന്ധിയായി തുടരുന്നു. കെ എൽ രാഹുലിനും ശിഖർ ധവാനും റൺ കണ്ടെത്താനാവുന്നില്ല.

കൈവിരലിന് പരുക്കേറ്റ ധവാന് പകരം അജിങ്ക്യ രഹാനെ ടീമിലെത്തിയേക്കും. ഇംഗ്ലണ്ട് ബാറ്റിംഗിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഒരുപടി പിന്നിലെത്താനെ ആയുള്ളൂ. ബൗളിംഗില്‍ ഇരുടീമിനും ഒരുപോലെ ആശങ്ക. റണ്ണൊഴുകുന്ന പിച്ചാണ് കൊൽക്കത്തയിലേതും. ഇന്നുംതോറ്റാൽ ഇന്ത്യയിലെത്തിയ ശേഷം ടെസ്റ്റ് ഏകദിന പരമ്പരയിൽ ഒറ്റജയമില്ലാത്ത ടീമെന്ന നാണക്കേടാണ് ഓയിൻ മോർഗന്‍റെ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.