ബംഗളുരു: ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യ പരാജയഭീതിയില്‍. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 274 റണ്‍സിന് പുറത്തായതോടെ ഓസ്‌ട്രേലിയയ്‌ക്ക് 188 റണ്‍സിന്റെ വിജയലക്ഷ്യം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 22 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. അഞ്ചു റണ്‍സെടുത്ത മാറ്റ് റെന്‍ഷായെ ഇഷാന്ത് ശര്‍മ്മയാണ് പുറത്താക്കിയത്. ഒന്നരദിവസത്തിലേറെ കളി ബാക്കി നില്‍ക്കുമ്പോള്‍ കംഗാരുക്കള്‍ക്ക് ജയിക്കാന്‍ ഇനി 166 റണ്‍സ് മാത്രം മതി.
സ്‌കോര്‍- ഇന്ത്യ 189 & 274, ഓസ്‌ട്രേലിയ- 276 & ഒന്നിന് 22
നാലിന് 213 എന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിവസം കളി തുടര്‍ന്ന ഇന്ത്യയുടെ തകര്‍ച്ച വേഗത്തിലായിരുന്നു. 52 റണ്‍സെടുത്ത രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. തുടര്‍ന്ന് കരുണ്‍ നായര്‍ റണ്‍സെടുക്കാതെ പുറത്തായതോടെ ഇന്ത്യ മറ്റൊരു തകര്‍ച്ചയെ അഭിമുഖീകരിച്ചു. 92 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് അടുത്തതായി പുറത്തായത്. ഇതോടെ ഇന്ത്യ ഏഴിന് 242 റണ്‍സ് എന്ന നിലിയലായി. 2001ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെ കൊല്‍ക്കത്തയില്‍ ഫോളോ ചെയ്‌ത ഇന്ത്യയെ വിവിഎസ് ലക്ഷ്‌മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് അവിശ്വസനീയമാംവിധം തിരികെക്കൊണ്ടുവന്നിരുന്നു. അതേപോലൊരു പ്രകടനമാണ് രഹാനെ-പൂജാര കൂട്ടുകെട്ടില്‍നിന്ന് ഇത്തവണ പ്രതീക്ഷിച്ചത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 118 റണ്‍സ് മാത്രം ചേര്‍ത്ത് ഈ സഖ്യം പിരിയുകയായിരുന്നു.
രഹാനെയും പൂജാരയും പുറത്തായതോടെ ഇന്ത്യയുടെ മദ്ധ്യനിരയും വാലറ്റവും അതിവേഗം തകര്‍ന്നടിഞ്ഞു. ഇന്ത്യ 274 റണ്‍സിന് പുറത്തായി. അപ്പോള്‍ 20 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ ഒരറ്റത്ത് അപരാജിനായി നില്‍ക്കുന്നുണ്ടായിരുന്നു. ആറു വിക്കറ്റെടുത്ത ജോഷ് ഹാസ്ല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ആദ്യ ഇന്നിംഗ്സില്‍ ഓസീസിന്റെ ബൗളിങ് ഹീറോ നഥാന്‍ ലിയോണിന് പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.
