സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ കാത്തിരുന്നത് വന്‍ ദുരന്തം. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് തുടങ്ങിയ ക്രിസ് മോറിസിന്‍റെ ആദ്യ പന്തില്‍ ധവാന്‍ എല്‍ബിഡബ്ലുവില്‍ പുറത്ത്. എന്നാല്‍ പുനഃപരിശോധനയില്‍ ബാറ്റിലുരസിയതിന്‍റെ ആനുകൂല്യത്തോടെ ധവാന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഓവര്‍ മെയ്ഡന്‍ ആയി അവസാനിച്ചു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഡലാ ആദ്യ പന്തില്‍ തന്നെ ഹിറ്റ്മാനെ എല്‍ബിഡബ്ലുവില്‍ കുടുക്കിതോടെ അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യ വിക്കറ്റ് തുലച്ചു. എന്നാല്‍ കലിപ്പ് തീര്‍ത്ത് ധവാനും മൂന്നാമനായെത്തിയ റെയ്നയും അടിച്ചുതകര്‍ത്തു. മൂന്നാം ഓവറില്‍ മോറിസിനെ ധവാനും നാലാം ഓവറില്‍ പാറ്റേഴ്സണെ റെയ്നയും കണക്കിന് ശിക്ഷിച്ചു.

എന്നാല്‍ അഞ്ചാം ഓവറില്‍ പന്തുമായെത്തിയ നായകന്‍ ഡുമിനി രണ്ടാം പന്തില്‍ ധവാനെ(24) ബെഹാര്‍ഡീന്‍റെ കയ്യിലെത്തിച്ചു. ആറാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍മെഷീന്‍ കോലിയെ(1) കൂടി ഡലാ മടക്കിയതോടെ ഇന്ത്യ 45-3. ഇതോടെ ആദ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 66 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 26 റണ്‍സുമായി റെയ്നയും 13 റണ്‍സെടുത്ത് പാണ്ഡെയുമാണ് ക്രീസില്‍.