ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിനെതിരായ ഏകപക്ഷീയ ജയത്തോടെ അഞ്ച് റേറ്റിംഗ് പോയന്റുകള്‍ നേടിയ ഇന്ത്യ 120 പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെക്കാള്‍ 15 പോയന്റ് ലീഡുമായാണ് ഇന്ത്യ പുതുവര്‍ഷത്തിലും ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം പരമ്പരയ്ക്ക് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് 101 റേറ്റിംഗ് പോയന്റുമായി അഞ്ചാം സ്ഥാനത്തായപ്പോള്‍ 102 പോയന്റ് വീതമുള്ള പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക നാലാമതുമാണ്. 96 പോയന്റ് വീതമുള്ള ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനത്ത്. വെസ്റ്റീന്‍ഡീസ് എട്ടാമതും ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ്‌വെ പത്താമതുമാണ്.

ഏപ്രില്‍ ഒന്നിന് ഒന്നാം റാങ്കിലുള്ളവര്‍ക്ക് ഐസിസി സമ്മാനത്തുകയായ 10 ലക്ഷം ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം ഡോളറും മൂന്നാം റാങ്കിലുള്ളവര്‍ക്ക് രണ്ട് ലക്ഷം ഡോളറും നാലാം സ്ഥത്തെത്തുന്ന ടീമിന് ഒരു ലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. ഈ വര്‍ഷം ഇനി റാങ്കിംഗ് പ്രഖ്യാപിക്കില്ല എന്നതിനാല്‍ പുതുവര്‍ഷത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് അവസാനിച്ചശേഷമെ ഇനി ഐസിസി ടെസ്റ്റ് റാങ്കിംഗ് പുറത്തുവിടു. അതില്‍ ജയിച്ചാല്‍ പോലും ഓസീസിന് ഇന്ത്യക്കടുത്ത് എത്താനാവില്ല.