ചെന്നൈ: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കൊഹ്‌ലിയും ജയന്ത് യാദവും കൂടി ചെയ്തതിന് ഇംഗ്ലണ്ട് ചെന്നൈയില്‍ മധുരമായി പകരം വീട്ടി. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുപോയ ഇംഗ്ലണ്ട് വാലറ്റക്കാരുടെ ബാറ്റിംഗ് മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ 477 റണ്‍സെടുത്തു. രണ്ടാം ദിനം തുടക്കത്തിലെ 321/7ലേക്ക് വീണശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. മറുപടി ബാറ്റിംഗ് ആരംഭിച്ച രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെടുത്തിട്ടുണ്ട്. 30 റണ്‍സുമായി കെ എല്‍ രാഹുലും 28 റണ്‍സുമായി പാര്‍ഥിവ് പട്ടേലും ക്രീസില്‍.

രണ്ടാം ദിനം തുടക്കത്തിലെ ബെന്‍ സ്റ്റോക്സിനെ(6) അശ്വിന്‍ പുറത്താക്കിയപ്പോള്‍ ഇന്ത്യ ഒരുപാട് പ്രതീക്ഷിച്ചു. അധികം വൈകാതെ അപകടകാരിയായ ജോസ് ബട്‌ലറെ(5) ഇഷാന്ത് ശര്‍മയും സെഞ്ചുറി വീരന്‍ മോയിന്‍ അലിയെ(146) ഉമേഷ് യാദവും വീഴ്‌ത്തിയതോടെ 284/4 എന്ന സ്കോറില്‍ കളി തുടങ്ങി ഇംഗ്ലണ്ട് 321/7ലേക്ക് വീണു. എന്നാല്‍ ഇംഗ്ലീഷ് സ്കോര്‍ 350നുള്ളില്‍ ഒതുക്കാമെന്ന് കരുതിയ ഇന്ത്യയുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദും(60) ലിയാം ഡോസനും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി.

ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച ഇരുവരും ഇംഗ്ലണ്ടിനെ 400 കടത്തി. 108 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ ഉമേഷ് യാദവിന്റെ പന്തില്‍ ആദില്‍ റഷീദ് പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്കെത്തിയിരുന്നു. റഷീദിനുശേഷം ക്രീസിലെത്തിയ ബ്രോഡ്(19) ബാള്‍(12) എന്നിവര്‍കൂടി തങ്ങളുടേതായ സംഭാവന നല്‍കിയതോടെ 350 കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ട് 450ഉം കടന്നു. 66 റണ്‍സുമായി ഡോസന്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജഡേജ മൂന്നും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്‌ത്തി.

ഫീല്‍ഡിംഗിനിടെ ഇടത് തോളിന് പരിക്കേറ്റ മുരളി വിജയ്ക്ക് പകരം പാര്‍ഥിവ് പട്ടേലാണ് കെഎല്‍ രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും കിട്ടാത്ത പിച്ചില്‍ ഇരുവരും ചേര്‍ന്ന് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 50 കടത്തി.