പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നായി പരാജയപ്പെട്ട സതാംപ്ടണില്‍ ശതകം പടുത്തുയര്‍ത്തിയ പൂജരായ്ക്ക് മാത്രമാണ് ഇംഗ്ലീഷ്ബൗളര്‍മാരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനായുള്ളൂ

സതാംപ്ടണ്‍:എറിഞ്ഞൊതുക്കാന്‍ എത്തിയ ഇംഗ്ലീഷ് വമ്പിന് മുന്നില്‍ ബാറ്റ് കൊണ്ട് മതില്‍ തീര്‍ത്ത ചേതേശ്വര്‍ പൂജാരയുടെ മികവില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നായി പരാജയപ്പെട്ട സതാംപ്ടണില്‍ ശതകം പടുത്തുയര്‍ത്തിയ പൂജരായ്ക്ക് മാത്രമാണ് ഇംഗ്ലീഷ് ബൗളര്‍മാരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനായുള്ളൂ.

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് കുറിച്ച 246ന് എതിരെ 273 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 132 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് മേല്‍ 27 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും നീണ്ട ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നാലാം ടെസ്റ്റില്‍ തിരിച്ചടിയായത്.

വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ച ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുക്കെട്ടിന് രണ്ടാം ദിനം അധികം മുന്നോട്ട് പോകാനായില്ല. ആദ്യ വിക്കറ്റായി കെ.എല്‍. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ 37 റണ്‍സ് മാത്രം. എന്നാല്‍, പകരമെത്തിയ ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനും ഒത്തൊരുമിച്ചതോടെ അതിവേഗം ഇന്ത്യയെ തകര്‍ക്കാമെന്നുള്ള ഇംഗ്ലീഷ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

അനാവശ്യമായി ഒരു ഷോട്ട് പോലും പായിച്ച് വിക്കറ്റ് തുലയ്ക്കാതിരിക്കനായിരുന്നു ഇരുവരും ശ്രമിച്ചത്. എന്നാല്‍, ബ്രോഡിന്‍റെ ബൗളിംഗിന് മുന്നില്‍ പിഴച്ച ധവാന്‍ 23 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോലി മികച്ച രീതിയില്‍ കളം പിടിച്ചെങ്കിലും വന്‍ സ്കോറിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായില്ല. 46 റണ്‍സിലെത്തി നില്‍ക്കെ കുറാന്‍റെ പന്തില്‍ കുക്കിന് ക്യാച്ച് നല്‍കി കോലി മടങ്ങി.

പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയും വലിയ സംഭാവനകള്‍ നല്‍കാതെ കൂടാരം കയറി. ഒരറ്റത്ത് പൂജാര നില്‍ക്കുന്നത് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യയുടെ ജീവന്‍. അധികം പ്രതിരോധം തീര്‍ക്കാതെ ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരെല്ലാം മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 200 പോലും പിന്നിട്ടുണ്ടായിരുന്നില്ല.

അപകടം മനസിലാക്കിയ പൂജാര പിന്നീട് ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുംറെയും കൂട്ടുപിടിച്ചാണ് സ്കോര്‍ ഉയര്‍ത്തിയത്. അവസാനം ബ്രോഡിന് മുന്നില്‍ കീഴടങ്ങി ബുംറ മടങ്ങുമ്പോഴും തോല്‍ക്കാന്‍ കൂട്ടാക്കാത്ത മനസുമായി പൂജാര ക്രീസില്‍ തന്നെയുണ്ടായിരുന്നു.

 നേരത്തെ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ട് പിന്നീട് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഒരുഘട്ടത്തില്‍ സ്‌കോര്‍ 100 പോലും കടക്കുമോ സംശയിക്കേണ്ട നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയിട്ടുണ്ട്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.