ദില്ലി: ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ രണ്ട് ദശകത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിംഗ്. ഫിഫയുടെ പുതിയ റാങ്കിംഗില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 1996 മെയ് മാസത്തിലാണ് ഇന്ത്യ ഇതിന് മുമ്പ് 101-ാം റാങ്കിലെത്തിയത്. കഴിഞ്ഞ മാസം 132-ാം റാങ്കിലായിരുന്നു ഇന്ത്യ. ഏഷ്യന്‍ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെ കീഴടക്കിയതാണ് ഇന്ത്യയുടെ കുതിപ്പിന് കാരണമായത്. അവസാനം കളിച്ച 13 കളികളില്‍ 11 ജയം നേടിയ ഇന്ത്യ ഇതില്‍ തുടര്‍ച്ചയായി ആറ് ജയങ്ങളും സ്വന്തമാക്കി.

1996 ഫെബ്രുവരിയില്‍ 94ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറില്‍ 99-ാം സ്ഥാനത്തും ഒക്ബോറില്‍ 100ാമതും ഇന്ത്യ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ മ്യാന്‍മാര്‍, ഭൂട്ടാന്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മ്യാന്‍മറിനെതിരെ 64 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ ജയമായിരുന്നു ഇത്.

സൗഹൃദ മത്സരങ്ങളില്‍ കംബോഡിയയെ കീഴടക്കിയതും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഒരു ദശകത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യ രാജ്യത്തിന് പുറത്ത് ഒരു സൗഹൃദ മത്സരം ജയിക്കുന്നത്. 2015 ഫെബ്രുവരിയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ പരിശീലകനായി ചുമതലയേറ്റെടുക്കുമ്പോള്‍ ഇന്ത്യ 171-ാം സ്ഥാനത്തായിരുന്നു. അതേവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ 173ാം സ്ഥാനത്തേക്ക് വീണു.

ജൂണ്‍ ഏഴിന് സൗഹൃ മത്സരത്തില്‍ ലെബനനെ ഇന്ത്യ നേരിടുന്നുണ്ട്. ജൂണ്‍ 13ന് എഎഫ്‌സി യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യയ്ക്ക് വീണ്ടും നൂറിനുള്ളിലെത്താനാവും.