ഏഷ്യന്‍ കരുത്തരായ സൗദിയെയും സിറിയയെയും നേരിടാന്‍ ഇന്ത്യ ഒരുങ്ങുന്നു

ദില്ലി: ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ലഭിച്ച ആരാധക പിന്തുണ മുതലെടുക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. അടുത്ത വര്‍ഷാദ്യം നടക്കുന്ന ഏഷ്യാകപ്പിന് മുന്നോടിയായി ഏഷ്യന്‍ കരുത്തരായ സൗദിക്കെതിരെയും സിറിയക്കെതിരെയും സൗഹൃദമത്സരങ്ങള്‍ ഇന്ത്യ കളിച്ചേക്കും. ചര്‍ച്ചകള്‍ അനുകൂലമായാല്‍ നവംബറില്‍ ഇന്ത്യയില്‍ വെച്ച് സിറിയയെയും ഡിസംബറില്‍ ജിദ്ദയില്‍ വെച്ച് സൗദിയെയും നീലപ്പട നേരിടും.

ലോക റാങ്കിംഗില്‍ സൗദി 67-ാം സ്ഥാനത്തും സിറിയ 76-മതുമാണ്. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ കരുത്തരായ ടീമാണ് സൗദി അറേബ്യ. എന്നാല്‍ യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സിറിയയ്ക്ക് അവസാന നിമിഷം കാലിടറിയിരുന്നു. ഏഷ്യാകപ്പിന് മുമ്പ് മറ്റ് ചില സൗഹൃദമത്സരങ്ങള്‍ കൂടി ഇന്ത്യ കളിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യാകപ്പില്‍ ജനുവരി ആറിന് തായ്‌ലന്‍റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.